ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരുടെ സ്വന്തം തല, എം.എസ്. ധോണി ഇനി ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ കളിക്കില്ലേ..? പരിക്കിനെത്തുടര്‍ന്ന് 2026 സീസണ് ഐപിഎല്ലില്‍ ഒരു മത്സരത്തില്‍പോലും ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ ഇറങ്ങിയില്ല.
മാത്രമല്ല, സീസണില്‍ പ്ലേ ഓഫ് കാണാതെ സിഎസ്കെ പുറത്താകുകയും ചെയ്തു. 2025 ഐപിഎല്ലിലാണ് ധോണി അവസാനമായി ക്രിക്കറ്റ് മൈതാനത്ത് എത്തിയത്. 44കാരനായ ധോണി ഒരുപക്ഷേ, ഇനി സജീവ ക്രിക്കറ്റില്‍ കളിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തമായി.
ധോണി ഇല്ലാത്ത സീസണ്
ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ധോണി ഇല്ലാതെ പൂര്‍ത്തിയാക്കുന്ന ആദ്യ സീസണ് ആണിത്. ടീമിനെ അഞ്ച് ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച ധോണി, സീസണിനു മുമ്പുതന്നെ പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍, കാലിനു പരിക്കേറ്റതോടെ കളത്തിലേക്ക് എത്തിയില്ല. അതേസമയം, ടീമിനൊപ്പം എവേ പോരാട്ടവേദികളിലെത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിനെ സ്വന്തമാക്കിയതായിരുന്നു 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തരംഗമായ ഏക സമയം. രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം സഞ്ജു 477 റണ്‍സ് സീസണില്‍ സ്വന്തമാക്കി.
എന്നാല്‍, ഐപിഎല്‍ ടേബിളില്‍ ചലനം സൃഷ്ടിക്കാന്‍ സിഎസ്കെയ്ക്കു സാധിച്ചില്ല. 14 മത്സരങ്ങളില്‍ എട്ടിലും പരാജയപ്പെട്ടു. ആറ് ജയത്തിലൂടെ ലഭിച്ച 12 പോയിന്റാണ് സമ്പാദ്യം. നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്, ജാമി ഓവര്ടണ് എന്നിവരെല്ലാം പരിക്കേറ്റ് പുറത്തായത് 2026 സീസണില്‍ ചെന്നൈയുടെ പ്രയാണത്തിനു ക്ഷതമേല്‍പ്പിച്ചു.
ധോണി സ്കാം?
ധോണി ആരോഗ്യം വീണ്ടെടുത്തെന്നും ആഴ്ചകള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്നും 19-ാം സീസണ് ഐപിഎല്ലിനിടെ സിഎസ്കെ മാനേജ്മെന്റ് അറിയിച്ചിരുന്നു. എന്നാല്‍, ധോണിയുടെ പേരില്‍ നടന്ന തട്ടിപ്പിന്റെ തിരക്കഥയുടെ ഭാഗമായിരുന്നു അതെന്നവാദം ശക്തമായി. സീസണില്‍ ധോണി കളിക്കില്ലെന്ന് ടീം മാനേജ്മെന്റിന് അറിയാമായിരുന്നു.
എത്തിഹാദ് എയര്‍വേസുമായുള്ള മൂന്നു വര്‍ഷത്തെ (2024-26) കരാറിന്റെ അടിസ്ഥാനത്തിലാണ് ധോണി ഈ സീസണില്‍ ടീമിനൊപ്പം ഉണ്ടായിരുന്നത്. 2027 സീസണില്‍ പുതിയ ജഴ്സി സ്പോണ്‍സര്‍മാര്‍ എത്തുമെന്നും ധോണിയുടെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.